മയാമി: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ പുതിയ ഹോം ഗ്രൗണ്ടില്‍, ടീമിന്റെ ഗോളടി ഉദ്ഘാടനം ചെയ്തത് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. എംഎല്‍എസ് പോരാട്ടത്തില്‍ ഇന്റര്‍ മയാമിക്കുവേണ്ടി 10-ാം മിനിറ്റില്‍ മെസി ഗോള്‍ നേടി. മെസിയുടെ ഉറ്റസുഹൃത്തായ ലൂയിസ് സുവാരസ് 81-ാം മിനിറ്റില്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടി. മത്സരത്തില്‍ ഇന്റര്‍ മയാമി 2-2ന് ഓസ്റ്റിന്‍ എഫ്സിയുമായി സമനിലയില്‍ പിരിഞ്ഞു.
നു സ്റ്റേഡിയം
ഇന്റര്‍ മയാമിയുടെ പുതിയ ഹോം ഗ്രൗണ്ടായ നു സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരമായിരുന്നു. ഗില്‍ഹെര്‍മെ ബിറോയിലൂടെ (6) ഓസ്റ്റിന്‍ എഫ്സി ലീഡ് നേടി. ജെയ്ഡന്‍ നെല്‍സണിന്റെ (53) വകയായിരുന്നു സന്ദര്‍ശകരുടെ രണ്ടാം ഗോള്‍.
ചെസ് സ്റ്റേഡിയമായിരുന്നു ഇന്റര്‍ മയാമി സിഎഫിന്റെ താത്കാലിക ഹോം ഗ്രൗണ്ട്.
എന്നാല്‍, മയാമി ഫ്രീഡം പാര്‍ക്കില്‍ 26,700 കാണികളെ ഉള്‍ക്കൊള്ളാവുന്ന നു സ്റ്റേഡിയം എത്തിയതോടെ മയാമിക്കും സ്വന്തം ഹോം ഗ്രൗണ്ടായി. സ്റ്റേഡിയത്തില്‍ ലയണല്‍ മെസിയുടെ പേരില്‍ സ്റ്റാന്‍ഡ് ഉണ്ടെന്നതും ശ്രദ്ധേയം.
എംഎല്‍എസ് ഈസ്റ്റേണ്‍ കോണ്ഫെറന്സില് ആറ് മത്സരങ്ങളില്‍നിന്ന് 11 പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്റര്‍ മയാമി സിഎഫ്.